ലക്ഷദ്വീപില്‍ തദ്ദേശീയരുടെ അഭിപ്രായം മാനിക്കാതെ നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി എംപി

തദ്ദേശവാസികളുടെ എതിര്‍പ്പുകളെ മറികടന്ന് അന്തിമ തീരുമാനം കൈകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞതായി എംപി പറഞ്ഞു.

Update: 2021-06-01 07:18 GMT

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ തദ്ദേശീയ ജനതയുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. തദ്ദേശവാസികളുടെ എതിര്‍പ്പുകളെ മറികടന്ന് അന്തിമ തീരുമാനം കൈകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞതായി എംപി പറഞ്ഞു.

തിങ്കളാഴ്ച അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തായും എംപി പറഞ്ഞു.

ലക്ഷദ്വീപിലെ സമരങ്ങളെക്കുറിച്ച് അമിത് ഷായെ ബോധിപ്പിച്ചു. കരട് നിയമം തദ്ദേശവാസികളുമായും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം നടത്തി മാത്രമേ നിയമം പ്രാബല്യത്തില്‍ വരുത്തൂവെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു.

ദ്വീപില്‍ ഗോവധ നിരോധനവും രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നതുമടക്കമുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എംപി അമിത് ഷായെ ധരിപ്പിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഹമ്മദ് ഫൈസലിന്റെ പാര്‍ട്ടി നേതാവ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തും. ലക്ഷദ്വീപിലെ പുതിയ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.

അതിനിടെ, പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികളെ പിന്തുണച്ച സിപിഎം ലക്ഷദ്വീപ് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കാത്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ലക്ഷ ദ്വീപ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് രാജിവച്ചിരുന്നു.

Tags:    

Similar News