കൊവിഡ് കേസുകള്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടി

ഇക്കാലയളവില്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണ നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കും. മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കാനാണ് തീരുമാനം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് തുടരും.

Update: 2021-03-31 12:10 GMT
കൊവിഡ് കേസുകള്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടി

ചെന്നൈ: കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച ഭാഗിക ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഇക്കാലയളവില്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണ നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കും. മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കാനാണ് തീരുമാനം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് തുടരും. കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാവുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ നിയന്ത്രണങ്ങളൊന്നും അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 2,342 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ 874 പുതിയ കേസുകള്‍ രേഖപ്പെടുത്തി.

ദിവസേനയുള്ള കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 2000 ന് മുകളില്‍ തുടരുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിത്. 14,846 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലിസ്ഥലങ്ങള്‍, കടകള്‍, വിപണികള്‍, വ്യാവസായിക, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജോലി സമയം ക്രമീകരിക്കാന്‍ ആവശ്യപ്പെടുന്ന പുതിയ നിയന്ത്രണ നടപടികള്‍ ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ മൈക്രോ ലെവലില്‍ നിര്‍ണയിക്കുകയും നിയമലംഘകരെ തടയാന്‍ പോലിസിനോടും പ്രാദേശിക അധികാരികളോടും ശക്തമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, ചികില്‍സാ പ്രോട്ടോക്കോള്‍ എന്നിവ ഫലപ്രദമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈറസിന്റെ രണ്ടാം തരംഗം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടിലെ ലോക്ക് ഡൗണ്‍ വിപുലീകരണം.

Tags: