കൊവിഡ് പ്രതിസന്ധി; ജര്‍മനിയില്‍നിന്ന് 23 ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ കേന്ദ്രം വിമാനമാര്‍ഗം എത്തിക്കുന്നു
ജര്‍മനിയില്‍നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2,400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എഎഫ്എംഎസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ ഭാരത് ഭൂഷണ്‍ ബാബു പറഞ്ഞു.
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗമെത്തിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. രണ്ടാം കൊവിഡ് തരംഗത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെയാണ് കേന്ദ്രം അടിയന്തരമായി ജര്‍മനിയുടെ സഹായം തേടിയത്.
ജര്‍മനിയില്‍നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2,400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എഎഫ്എംഎസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ ഭാരത് ഭൂഷണ്‍ ബാബു പറഞ്ഞു.
മഹാമാരി കണക്കിലെടുത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ സംഭരണം നടത്തുന്നതിന് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും മറ്റ് പ്രതിരോധ ഏജന്‍സികള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചതിന് നാലുദിവസത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കൊവിഡ് രോഗികളെ പരിപാലിക്കുന്ന എഎഫ്എംഎസ് ആശുപത്രികളില്‍ ഇവ വിന്യസിക്കും. എളുപ്പത്തില്‍ ഉപയോഗിക്കാനും മാറ്റിസ്ഥാപിക്കാനുമെല്ലാം സാധ്യമാവുന്ന പ്ലാന്റാണിതെന്നും ഭാരത് ഭൂഷണ്‍ വ്യക്തമാക്കി.
ആവശ്യമായ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ജര്‍മനിയില്‍നിന്ന് പ്ലാന്റുകളെത്തിക്കാന്‍ ഗതാഗത വിമാനം തയ്യാറാക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ വിദേശത്തുനിന്ന് വാങ്ങാം. ഇവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതാണ് പ്രത്യേകതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് 3.32 ലക്ഷം പുതിയ വൈറസ് കേസുകളും 2,263 പുതിയ മരണങ്ങളുമാണ് ഇന്ത്യയില്‍ ഒരുദിവസത്തിനിടെ രേഖപ്പെടുത്തിയത്.