ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയപ്പോ കവറിനൊപ്പം ഒരു ഒറിജിനല്‍ പാസ്പോര്‍ട്ടും
തൃശൂർ കുന്നംകുളം സ്വദേശിയായ ബഷീർ എന്ന പത്ത് വയസുകാരന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്.
കൽപ്പറ്റ: ആമസോണില്‍ പാസ്പോർട്ട് കവർ ഓർഡർ ചെയ്തയാൾക്ക് കവറിനൊപ്പം ഒരു ഒറിജിനല്‍ പാസ്പോര്‍ട്ടും. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.
ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ട് കവറിനൊപ്പം ഒരു പാസ്‌പോര്‍ട്ട് കൂടി ലഭിച്ചു. മറ്റൊരാളുടെ പേരിലുള്ള പാസ് പോര്‍ട്ടാണ് മിഥുന് ലഭിച്ചത്.
ഉടന്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. അപ്പോഴും അവര്‍ അയച്ചു തന്ന പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് മാത്രം അവര്‍ പറഞ്ഞില്ല.
തൃശൂർ കുന്നംകുളം സ്വദേശിയായ ബഷീർ എന്ന പത്ത് വയസുകാരന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്. അസ്മാബി എന്നാണ് മാതാവിന്റെ പേര്. മുമ്പ് പാസ് പോര്‍ട്ട് കവര്‍ വാങ്ങിയവര്‍ അത് ആമസോണിന് തന്നെ തിരിച്ചുനല്‍കിയപ്പോള്‍ പാസ്പോര്‍ട്ട് അതില്‍ പെട്ട് പോയതായിരിക്കാനാണ് സാധ്യത.