അമരീന്ദർ സിങ്ങിനെ മുൻനിർത്തി പഞ്ചാബ് പിടിക്കാനുള്ള ആർഎസ്എസ് നീക്കം

പഞ്ചാബിനും സിഖുകാര്‍ക്കും ഏറെ പ്രധാനമായ ഗുരുനാനാക് ജയന്തി ദിനത്തിലാണ് കര്‍ഷകര്‍ക്ക് അനുകൂലമായ നിര്‍ണായക പ്രഖ്യാപനത്തിനായി മോദി തിരഞ്ഞെടുത്തതെന്ന കാര്യം അടുുത്ത ആർഎസ്എസ് നീക്കം പഞ്ചാബിലേക്കാണെന്നാണ് തെളിയിക്കുന്നത്.

Update: 2021-11-19 09:37 GMT

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പഞ്ചാബ് രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസുമായി ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മുൻനിർത്തി ആർഎസ്എസ് നടത്തുന്ന നീക്കമാണ് ഇനി പഞ്ചാബിൽ അരങ്ങേറുകയെന്നത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഒരുവര്‍ഷത്തോളം നീണ്ട കര്‍ഷക സമരങ്ങള്‍ക്കൊടുവില്‍ വിവാദ നിയമങ്ങള്‍ റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നത് തന്നെ ​ഗുരു നാനാക് ജയന്തി ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്.

പഞ്ചാബിനും സിഖുകാര്‍ക്കും ഏറെ പ്രധാനമായ ഗുരുനാനാക് ജയന്തി ദിനത്തിലാണ് കര്‍ഷകര്‍ക്ക് അനുകൂലമായ നിര്‍ണായക പ്രഖ്യാപനത്തിനായി മോദി തിരഞ്ഞെടുത്തതെന്ന കാര്യം അടുുത്ത ആർഎസ്എസ് നീക്കം പഞ്ചാബിലേക്കാണെന്നാണ് തെളിയിക്കുന്നത്. ഈ മഹത്തായ ദിനത്തില്‍ തന്നെ മുഴുവന്‍ പഞ്ചാബികളുടെയും ആവശ്യങ്ങള്‍ അംഗീകരിച്ച് മൂന്ന് കരിനിയമങ്ങളും പിന്‍വലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നാണ് അമരീന്ദര്‍ പ്രതികരിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തിരുന്നു.

മോദിയെ പ്രത്യേകം അഭിനന്ദിച്ചുള്ള അമരീന്ദറിന്റെ ഈ വാക്കുകള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാനുള്ള സാധ്യതകള്‍ ബലപ്പെടുന്നതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ തന്റെ നിലപാട് സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പും കോണ്‍ഗ്രസിന് നല്‍കിയിരുന്നു.

നിയമങ്ങള്‍ പിന്‍വലിക്കുമെന്ന തീരുമാനത്തോടെ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തിലും വലിയ മാറ്റങ്ങള്‍ ബിജെപി പ്രതീക്ഷിക്കുന്നു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചേക്കില്ലെന്ന പ്രീ പോള്‍ സര്‍വേകള്‍ മാറിയേക്കാം. കഴിഞ്ഞ വര്‍ഷം സമരം ആരംഭിച്ചതു മുതല്‍ കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ അമരീന്ദറിന് ബിജെപിയിലേക്ക് അടുക്കാനുള്ള പ്രധാന തടസവും ഈ നിയമങ്ങളായിരുന്നു. എന്നാല്‍ ഇവ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായതോടെ കാര്യങ്ങള്‍ അനുകൂലമായി. ഇതുവഴി ബിജെപിയുമായി ഒരു കൂട്ടുകെട്ടിലേക്ക് നീങ്ങാനും അമരീന്ദറിന് കഴിയും.

കര്‍ഷ സമരം കര്‍ഷകരുടെ താത്പര്യത്തിന് അനുസരിച്ച് പരിഹരിക്കപ്പെട്ടാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മൽസരിച്ചേക്കാമെന്ന് നേരത്തെ അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രലും പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പുതിയ വഴിത്തിരിവുകള്‍ അമരീന്ദര്‍-ബിജെപി സഖ്യത്തിലേക്കാണ്‌ നിങ്ങുന്നത്. അകാലിദള്‍ ഗ്രൂപ്പുമായും പഞ്ചാബ് ലോക് കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സാധ്യമായാല്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിര്‍ണായക ശക്തിയായി അമരീന്ദര്‍ മാറും.

ആർഎസ്എസിനും ബിജെപിക്കും ബാലികേറാമലയാണ് ഇപ്പോഴും പഞ്ചാബ്. കർഷക പ്രക്ഷോഭത്തോടെ ഇടഞ്ഞുനിന്ന അകാലിദളും വീണ്ടും ബിജെപി സഖ്യത്തിലേക്കെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ശിരോമണി അകാലിദൾ നേതാവ് മജീന്ദർ സിങ് സിർസയും ബിജെപി അനുകൂല നിലപാടുമായി രം​ഗത്തുവന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് ബിജെപിക്ക് ഇതുവരെ ചലനങ്ങളുണ്ടാക്കാൻ കഴിയാതിരുന്നത്. ആ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യം തന്നെയാണ് ആർഎസ്എസ് ഈ നീക്കത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് സാരം.