കശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരേ ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജമ്മുവില്‍ നിന്ന് തിരിച്ചു വരുന്ന തീര്‍ഥാടകരുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2019-08-02 17:40 GMT

ചണ്ഡീഗഢ്: ജമ്മു കശ്മീരിനു പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദേശം. പഠാന്‍കോട്ട് ജില്ലയിലടക്കം ശക്തമായ സുരക്ഷയൊരുക്കാനാണ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നിര്‍ദേശിച്ചത്. അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരേ ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജമ്മുവില്‍ നിന്ന് തിരിച്ചു വരുന്ന തീര്‍ഥാടകരുടെ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്താന്‍കോട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.

നേരത്തെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കിയിരുന്നു. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടേയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.

അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ സായുധര്‍ ശ്രമം നടത്തുന്നുവെന്ന സേനാ നേതൃത്വത്തിന്റെ അറിയിപ്പിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്‌നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ പാക്ക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്‌നിപ്പര്‍ റൈഫിളും കണ്ടെത്തിയെന്നും സൈന്യവും പോലിസും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News