വിളപ്പില്‍ശാല ചികില്‍സാ നിഷേധ ആരോപണം; ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികില്‍സാനിഷേധത്തെ തുടര്‍ന്ന് മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപോര്‍ട്ടില്‍ വ്യക്തം. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു 'ശരീര ഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണം ' ആണെന്നും ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം.
ബിസ്മീറിന്റെ മരണം ചികില്‍സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപോട്ടിലുള്ളത്. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പ്രാഥമിക ചികില്‍സ നല്‍കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും നല്‍കിയില്ലെന്ന പരാതിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. ബിസ്മീറിന് ഓക്‌സിജന്‍ നല്‍കുകയോ സി പി ആര്‍ , പള്‍സ് പരിശോധന തുടങ്ങിയ ഒന്നും തന്നെ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ മിനുട്ടുകള്‍ വൈകി. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സി പി ആര്‍ നല്‍കിയില്ലേ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചതായും പരാതിയില്‍ പറയുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമായിരുന്നു.
