യുപിയിലെ ബുള്‍ഡോസര്‍ രാജിനെതിരേ അലഹബാദ് ഹൈക്കോടതി; സുപ്രിംകോടതി തീരുമാനം നടപ്പാക്കണം

Update: 2026-02-03 16:01 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരേ അലഹബാദ് ഹൈക്കോടതി രംഗത്ത്. സുപ്രിംകോടതി വിലക്ക് ഉണ്ടായിട്ടും കെട്ടിടങ്ങള്‍ക്ക് നേരെയുള്ള ബുല്‍ഡോസര്‍ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നാല്‍ ഉടനെ തന്നെ കെട്ടിടം പൊളിച്ചുനീക്കുന്നത് ഭരണകൂടത്തിന്റെ വിവേചനാധികാരത്തിന്റെ ദുരുപയോഗമാണോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, സിദ്ധാര്‍ത്ഥ നന്ദന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് പരാമര്‍ശം. ഒരു കുറ്റം ചെയ്തതിന് പിന്നാലെ പൊളിക്കല്‍ നടക്കുന്ന സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായും ബെഞ്ച് പറഞ്ഞു.

ഫൈമുദീന്‍ എന്നയാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിനെതിരേ കോടതിയുടെ വിമര്‍ശനം. ഹരജിയില്‍ ഫെബ്രുവരി 9ന് വീണ്ടും വാദം കേള്‍ക്കും. 2024 നവംബര്‍ 24നാണ് ബുള്‍ഡോസര്‍ രാജ് നടപടി പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. എതെങ്കിലും കേസില്‍ പ്രതിയായത് കൊണ്ട് അയാളുടെ കെട്ടിടം പൊളിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.