മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി

Update: 2023-12-14 12:08 GMT

അലഹബാദ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സര്‍വേ നടത്താനായി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിക്കാന്‍ ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ നിര്‍ദേശം നല്‍കി. കേസിലെ തുടര്‍നടപടികള്‍ ഡിസംബര്‍ 18ന് കോടതി തീരുമാനിക്കും. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും സര്‍വേ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരുന്നത്. മഥുര കോടതി ഇത് ശരിവച്ചതിനെ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റിയും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2020 സപ്തംബര്‍ 25നാണ് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലഖ്‌നോ കേന്ദ്രമായ രഞ്ജന അഗ്‌നിഹോത്രിയും മറ്റു ആറുപേരും ചേര്‍ന്ന് ഹരജി നല്‍കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്ര കേശവ ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം മസ്ജിദ് നിര്‍മിച്ചതെന്നായിരുന്നു ഹരജിയിലെ ആരോപണം. പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട താമരയുടെയും മറ്റു കൊത്തുപണികള്‍ പള്ളിയുടെ ചുവരിലുണ്ടെന്നും ഇത് ക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി നിര്‍മിച്ചതെന്നതിന്റെ തെളിവാണെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്നും അത് പ്രകാരം പള്ളിയുടെ ഉടമസ്ഥാവകാശം മുസ് ലിംകള്‍ക്കാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. വ്യത്യസ്ത ഹരജിക്കാര്‍ മഥുരയിലെ കോടതികളില്‍ കുറഞ്ഞത് ഒരു ഡസന്‍ കേസുകളെങ്കിലും ഫയല്‍ ചെയ്തിട്ടുണ്ട്. 13.77 ഏക്കര്‍ സമുച്ചയത്തില്‍ നിന്ന് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് എല്ലാ ഹരജികളിലെയും പൊതുആവശ്യം. വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനു സമാനമായ ഉത്തരവാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് 16ന് പ്രാദേശിക കോടതി നിയോഗിച്ച കമ്മീഷന്‍ കാശി വിശ്വനാഥ ക്ഷേത്രം ഗ്യാന്‍ വാപി മസ്ജിദിന്റെ വീഡിയോഗ്രാഫിക് സര്‍വേ നടത്തിയിരുന്നു.

Tags:    

Similar News