പുനസംഘടന: രാജസ്ഥാനിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു; പുതിയ മന്ത്രിസഭ നാളെ

Update: 2021-11-20 16:07 GMT

ജയ്പൂര്‍: രാജസ്ഥാനിലെ മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. ഇതിന് മുന്നോടിയായി മുഴുവന്‍ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജി സമര്‍പ്പിച്ചു. നാളെ വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നാളെ യോഗം ചേരും. ഇന്ന് രാത്രിയോടെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നിരവധി യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സംസ്ഥാനത്തെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും ഹൈക്കമാന്റ് പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ളവരുമായും ചര്‍ച്ച നടത്തിയിരുന്നു. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരുവിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

മന്ത്രിസഭയുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ ഇവരുടെ പിന്തുണ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. നിലവില്‍ 21 അംഗ മന്ത്രിസഭയാണ് രാജസ്ഥാനിലുണ്ടായിരുന്നത്. 9 പേരെക്കൂടി ഉള്‍പ്പെടുത്താനും സാധിക്കും. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മൂന്ന് മന്ത്രിമാര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കമാന്റിന് കത്തയച്ചിട്ടുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായത്.

ഒരുവര്‍ഷത്തോളമായി മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്‍ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള മന്ത്രിസഭാ പുനസംഘടന. ജാതി മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭാ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് പൈലറ്റ് ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നത്.

Tags:    

Similar News