ആലപ്പുഴ ആകാശവാണി നിലയം ഭാഗികമായി പൂട്ടാന്‍ നീക്കം; പ്രതിഷേധം ശക്തം; തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു
ആലപ്പുഴ ആകാശവാണിയിലെ എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് പ്രസാര്‍ ഭാരതി ഉത്തരവിട്ടത്.
ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. ആലപ്പുഴ എം.പി, എ എം ആരിഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
ആലപ്പുഴ ആകാശവാണിയിലെ എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് പ്രസാര്‍ ഭാരതി ഉത്തരവിട്ടത്. 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ളതാണ് എ എം ട്രാന്‍സ്മിറ്റര്‍. ഇതിന് പുറമെ 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്ററും ആലപ്പുഴ നിലയത്തിലുണ്ട്. തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധയിടങ്ങളില്‍ ലഭിക്കുന്നത് ഇവ വഴിയാണ്. ഇതില്‍ എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പോലും പരിപാടികള്‍ കേള്‍ക്കുന്നതില്‍ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.