പള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട തിരിച്ചറിയണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-08-10 18:13 GMT

കൊല്ലം: സ്വാതന്ത്ര്യദിനത്തിന്റെ മറവില്‍ ദേശീയ അടയാളങ്ങളുമായി മുസ്‌ലിം ആരാധനാലയങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് നിഷാദ് റഷാദി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവാര്‍പ്പണം ചെയ്ത പതിനായിരക്കണക്കിന് ധീര പോരാളികളുടെ പാരമ്പര്യമുള്ള മുസലിംകള്‍ക്ക് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സംഘപരിവാരത്തില്‍ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേടില്ല. മുസ്‌ലിം സ്ഥാപനങ്ങളില്‍ പതാക വിതരണം ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നിലെ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ത്രിവര്‍ണ പതാക അടക്കമുള്ള ദേശീയ ചിഹ്നങ്ങളോട് എക്കാലത്തും ആദരവ് പുലര്‍ത്തിയ പാരമ്പര്യമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഉള്ളത്. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ അന്‍പത് വര്‍ഷത്തിലേറെ തങ്ങളുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലാത്ത ഒരേയൊരു വിഭാഗം സംഘപരിവാരം(ആര്‍എസ്എസ്) മാത്രമാണ്. ദേശീയപതാകയിലെ ത്രിവര്‍ണ്ണം അശുഭകരമാണ് എന്ന് പറഞ്ഞ മുന്‍കാല നേതാക്കന്‍മാരുടെ ദേശവിരുദ്ധ പ്രസ്താവനകളുടെ പേരിലുള്ള നാണക്കേട് മറക്കാനാണ് സംഘപരിവാരത്തിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍. ദേശീയ പതാകയുടെ നിറം കാവിയാക്കണമെന്ന് വാദിച്ചവര്‍ക്ക് ത്രിവര്‍ണ പതാകയുടെ മഹത്വം മറ്റുള്ളവരെ പഠിപ്പിക്കാന്‍ അര്‍ഹതയില്ല.

സംഘപരിവാരത്തിന്റെ ഇത്തരം പ്രഹസനങ്ങള്‍ക്ക് മസ്ജിദുകള്‍ പോലുള്ള പരിപാവനമായ സമുദായ സ്ഥാപനങ്ങള്‍ വേദിയാകാതിരിക്കാന്‍ ഇമാമീങ്ങളും മഹല്ല് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News