സർക്കാർ തോമസ് ചാണ്ടിക്കൊപ്പം; 2.75 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിർദേശം തള്ളി ആലപ്പുഴ നഗരസഭ

ഇടതുപക്ഷ എംഎൽഎ കൂടിയായ തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്തലിനെ പ്രത്യക്ഷത്തിൽ സിപിഎം എതിർക്കുന്നെങ്കിലും പിൻവാതിലിലൂടെ സഹായങ്ങൾ നൽകുന്നതിന്റെ തെളിവാണ് സർക്കാർ ഉത്തരവ്.

Update: 2019-06-26 09:45 GMT

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശം ആലപ്പുഴ നഗരസഭ തള്ളി. കമ്പനിക്ക് വേണമെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. റിസോര്‍ട്ടിന്‍റെ ലൈസന്‍സ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനും നഗരസഭ തീരുമാനിച്ചു.

ചട്ടലംഘനത്തിന്‍റെ പേരില്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് നഗരസഭ ചുമത്തിയത് 2.75 കോടി രൂപയാണ്. എന്നാൽ ഇതിനെിരെ തോമസ് ചാണ്ടിയുടെ കമ്പനി സർക്കാരിന് അപ്പീൽ നൽകി. ഇതേത്തുടർന്ന് നഗരകാര്യ റീജണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് അനുസരിച്ച് കമ്പനി നഗരസഭയ്ക്ക് 35 ലക്ഷം രൂപ പിഴ ഒടുക്കിയാൽ മതി. ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തിൽ ചര്‍ച്ച നടന്നത്. ഇതോടെ സർക്കാർ തോമസ് ചാണ്ടിയെ വഴിവിട്ട് സഹായിക്കുകയാണെന്ന ആരോപണം ശക്തമായി.

സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത് ഗൗരവതാരമാണ്. വിശദമായി പരിശോധിച്ച ശേഷമാണ് 2.75 കോടി രൂപ പിഴയായി നിശ്ചയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. ഇതിനെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം തള്ളുകയായിരുന്നു. ഇടതുപക്ഷ എംഎൽഎ കൂടിയായ തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്തലിനെ പ്രത്യക്ഷത്തിൽ സിപിഎം എതിർക്കുന്നെങ്കിലും പിൻവാതിലിലൂടെ സഹായങ്ങൾ നൽകുന്നതിന്റെ തെളിവാണ് സർക്കാർ ഉത്തരവ്.

ലേക് പാലസ് റിസോർട്ടിലെ 10 കെട്ടിടങ്ങൾ പൂർണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളിൽ വിസ്തീർണ്ണത്തിൽ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തിയിരുന്നു. ഇതിൽ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീർണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങൾക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടി രൂപ അടയ്ക്കാൻ നഗരസഭ നിര്‍ദേശിക്കുകയായിരുന്നു. ഈ നീക്കമാണ് വിവാദ ഉത്തരവ് ഇറക്കി സർക്കാർ തോമസ് ചാണ്ടിയെ സഹായിച്ചിരുന്നത്. 

Tags:    

Similar News