ഷാന്‍ കൊലക്കേസ്; ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലിസ് മേധാവി

എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലിസ് റിമാൻഡ് റിപോർട്ടില്‍ പറയുന്നുത്.

Update: 2021-12-27 07:23 GMT

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആർഎസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പോലിസ് റിമാൻഡ് റിപോർട്ടില്‍ പറയുന്നുത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പോലിസ് കണ്ടെത്തൽ.

എസ്ഡിപിഐ നേതാവിൻ്റേത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അരുംകൊല എന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപോർട്ട്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കളാണെന്നും റിമാൻഡ് റിപോർട്ട് പറയുന്നു.

ഷാൻ കൊലപാതക കേസിൽ ഇതുവരെ 14 പേരെ പ്രത്യക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റാണ് ഒടുവിൽ രേഖപ്പെടുത്തിയത്. ഇനി ഗൂഢാലോചനയിൽ ഉൾപ്പെട്ടവർ കൂടി പിടിയിലാകാനുണ്ട് എന്ന് പോലിസ് പറയുന്നു.