രഞ്ജിത്തിന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Update: 2021-12-21 03:14 GMT

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സംശയസ്പദമായി ഒരു ബൈക്കും പോലിസ് പരിശോധിക്കുന്നുണ്ട്.

അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്റ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

ഇന്നലെ നിശ്ചയിച്ച യോഗം ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന്റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

അതേസമയം, വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെ ആര്‍എസ്എസ് നേതാക്കള്‍ ആലപ്പുഴയില്‍ എത്തിയതിന് ശേഷം നടന്ന കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ്സിന്റെ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. കെ എസ് ഷാന്‍ കൊലപാതകത്തിന് തൊട്ടുമുമ്പ് നടന്ന വത്സന്‍ തില്ലങ്കേരിയുടെ വര്‍ഗീയ പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കലാപം ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വധിച്ചതെന്ന ആരോപണവും ശക്തമാണ്. ഷാന്‍ കൊല്ലപ്പെട്ടതിന് ശേഷവും വയലാറിലും സമീപ പ്രദേശങ്ങളിലും ആര്‍എസ്എസ് ആക്രമണം അരങ്ങേറിയിരുന്നു. നിരവധി മുസ് ലിം വീടുകള്‍ക്ക് നേരെ ആര്‍എസ്എസ് ബോംബെറിഞ്ഞു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.