നീറ്റിന് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു, മറന്നു; വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ കുറ്റസമ്മതം; കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി പോലിസ് കസ്റ്റഡിയില്‍. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പോലിസിനോട് കുറ്റം സമ്മതിച്ചു. വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയി. പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പോലിസാണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ച് നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ പോലിസ് പരിശോധന നടത്തിയതും ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്തതും.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയില്‍ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിനിടെ ഹാള്‍ടിക്കറ്റിലെ റോള്‍ നമ്പറില്‍ മറ്റൊരു വിദ്യാര്‍ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പത്തനംതിട്ടയിലെ വിദ്യാര്‍ഥി പരീക്ഷ എഴുതുന്നത് നിര്‍ത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരന്‍ ഉടന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
