എസ്എഫ്ഐ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആള്‍ക്കൂട്ടം മാത്രമായി മാറി; എഐവൈഎഫ് പ്രമേയം

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമെന്ന രീതിയില്‍ സിപിഎം വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് എഐവൈഎഫിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍.

Update: 2021-10-23 13:08 GMT

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ വനിതാ നേതാവിനെതിരേ ഭീഷണി മുഴക്കിയ സംഭവത്തില്‍ എസ്എഫ്ഐക്കെതിരേ പ്രമേയവുമായി എഐവൈഎഫ് കോട്ടയം ജില്ലാ സമ്മേളനം. എസ്എഫ്ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്ത ആള്‍കൂട്ടം മാത്രമായ എസ്എഫ്ഐക്ക് ഇടതുപക്ഷമെന്നത് ഒരു ലേബല്‍ മാത്രമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

കോളജില്‍ നടന്ന അക്രമത്തെ തള്ളിപ്പറയാതെ എസ്എഫ്ഐ അക്രമകാരികളെ ന്യായീകരിക്കുകയാണ്. എസ്എഫ്ഐയുടെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുന്നതായും പ്രമേയത്തില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമെന്ന രീതിയില്‍ സിപിഎം വിഷയം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് എഐവൈഎഫിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍. കൊടിയില്‍ ആദര്‍ശംവെച്ച് മറ്റുള്ളവരെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് സിപിഐ നേതാവ് അഡ്വ വിബി വിനുവും നേരത്തെ വിമര്‍ശിച്ചിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആര്‍എസ്എസും എസ്എഫ്ഐയുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും കുറ്റപ്പെടുത്തിയിരുന്നു.