തന്നെ ബംഗ്ലാദേശിയാക്കി ചിത്രീകരിക്കുന്നവരെ ട്രോളി ഐഷാ സുല്‍ത്താന

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്ന്, അപ്പോ ഞാന്‍ പറഞ്ഞു തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും...'

Update: 2021-06-15 10:39 GMT

കോഴിക്കോട്: കേന്ദ്രഭരണപ്രദേശമായ ലക്ഷ്ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച തന്നെ ബംഗ്ലാദേശിയാക്കി ചിത്രീകരിക്കാനുള്ള നീക്കത്തെ ട്രോളി ചലച്ചിത്ര സംവിധായക ഐഷാ സുല്‍ത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ഒരുപാട് കഷ്‌പ്പെടുന്നുണ്ടെന്നു പറഞ്ഞ്, ഒരു മലയാള ചലച്ചിത്രത്തില്‍ പപ്പു പറയുന്ന സംഭാഷണം ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ സുല്‍ത്താന രംഗത്തെത്തിയത്.

    'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്ന്, അപ്പോ ഞാന്‍ പറഞ്ഞുതരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും' എന്ന ഡയലോഗാണ് ഉപയോഗിച്ചത്. ലക്ഷ്ദ്വീപ് വിഷയത്തിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ബയോ വെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരേ ബിജെപി ലക്ഷദ്വ്പീപ് ഘടകത്തിന്റെ നേതാവ് നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പോലിസ് ഐഷയ്‌ക്കെതിരേ കേസെടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഐഷയ്‌ക്കെതിരേ സംഘപരിവാര അനുകൂലികള്‍ വ്യാപക സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പുറമെയാണ് ഐഷ സുല്‍ത്താന ബംഗ്ലാദേശുകാരിയാണെന്നും മറ്റും ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നത്. ഐഷയുടെ ജന്‍മസ്ഥലം ബംഗ്ലാദേശിലെ ജെസോറിലാണെന്നും പാകിസ്താനിലെ ലാഹോറിലാണ് പഠിച്ചതെന്നും കുപ്രചാരണം നടത്തുന്നുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഐഷാ സുല്‍ത്താന ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതിനിടെ, രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഐഷയുടെ തന്നെ ആവശ്യപ്രകാരം വ്യാഴാഴ്ചത്തേക്ക് മാറ്റി.

Aisha Sulthana Trolled against propaganda of 'Bangladeshi'



Tags:    

Similar News