വ്യോമപാത അടച്ച പാക് നടപടി: എയര്‍ ഇന്ത്യയുടെ നഷ്ടം 430 കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍

എയര്‍ ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. എന്നാല്‍, സ്വകാര്യവത്കരണത്തിന് മുമ്പ് വിമാനക്കമ്പനിയെ ലാഭത്തിലാക്കുമെന്നും അടുത്ത വര്‍ഷംതന്നെ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Update: 2019-07-17 14:28 GMT

ന്യൂഡല്‍ഹി: ബലാക്കോട്ട് സംഭവത്തിനു പിന്നാലെ വ്യോമപാത അടച്ച പാകിസ്താന്‍ നടപടിയിലൂടെ നാല് മാസംകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് 430 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. എന്നാല്‍, സ്വകാര്യവത്കരണത്തിന് മുമ്പ് വിമാനക്കമ്പനിയെ ലാഭത്തിലാക്കുമെന്നും അടുത്ത വര്‍ഷംതന്നെ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം ഉപചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

വിമാന കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനം വാങ്ങുന്നതിനുള്ളതാണെന്ന് മന്ത്രി പറഞ്ഞു. വ്യോമപാത അടച്ച പാകിസ്താന്റെ നടപടി എയര്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. വ്യോമപാത തുറന്ന നടപടി സ്വാഗതാര്‍ഹമാണ്. വ്യോമപാത അടച്ച പാകിസ്താന്റെ നടപടിയെത്തുടര്‍ന്ന് രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കും നഷ്ടം നേരിട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.41 ഓടെയാണ് എല്ലാ വിമാനക്കമ്പനികള്‍ക്കും പാക് വ്യോമപാതയിലൂടെ പറക്കാന്‍ അവര്‍ അനുമതി നല്‍കിയത്. വ്യോമപാത അടച്ചതിനാല്‍ വിമാനങ്ങള്‍ വഴിമാറി പോകേണ്ടി വരുന്നതുമൂലമുള്ള കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് എയര്‍ഇന്ത്യ യൂറോപ്പ്, അമേരിക്ക സര്‍വീസുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവെക്കുകയും മറ്റുചിലത് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

എയര്‍ ഇന്ത്യയ്ക്ക് 1667 ജീവനക്കാരാണുള്ളത്. ഇതില്‍ 1108 സ്ഥിരം ജീവനക്കാരും 569 പേര്‍ കരാര്‍ തൊഴിലാളികളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News