എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; അടിയന്തരമായി ഇറക്കി

Update: 2019-06-27 10:26 GMT

മുംബൈ: മുംബൈയില്‍ നിന്ന് നേവാര്‍ക്കിലുള്ള എയര്‍ ഇന്ത്യാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ അടിയന്തരമായി ഇറക്കിയതായി റിപോര്‍ട്ട്. ബ്രിട്ടീഷ് സൈനിക വിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തെ അനുഗമിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ 191 മുംബൈ-നെവാര്‍ക്ക് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ലണ്ടനിലെ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയതായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. എന്നാല്‍, ഈ ട്വീറ്റ് എയര്‍ ഇന്ത്യ പിന്നീട് പിന്‍വലിച്ചു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

അതേ സമയം, രാവിലെ 10.15ഓട് കൂടി എയര്‍ ഇന്ത്യ ബോയിങ് 777 വിമാനം എസ്സെക്‌സ് പോലിസിന്റെ സാന്നിധ്യത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇപ്പോള്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായും പ്രസ്താവനയില്‍ പറയുന്നു.