സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കും

Update: 2021-10-01 04:44 GMT

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കും. ബലാല്‍സംഗക്കേസിലെ ശിക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലിസും വ്യോമസേനയും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ കോയമ്പത്തൂര്‍ കോടതിയാണ് ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷല്‍ ആക്ട് പ്രകാരം ശിക്ഷാവിധി നടപ്പാക്കാന്‍ വിധിച്ചത്. പ്രതി സേനാംഗമായതിനാല്‍ കോര്‍ട്ട് മാര്‍ഷലിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യോമസേന കോയമ്പത്തൂര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിയെ ജയിലിലടക്കാന്‍ തമിഴനാട് പോലിസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു. കേസില്‍ വ്യോമസേനയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാതിരുന്ന പരാതിക്കാരി പോലിസിനെ സമീപിച്ചതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഛത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളജിലെ തന്റെ മുറിയില്‍ വച്ചാണ് ആക്രമണമുണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവര്‍ കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് കോളജിലേക്കെത്തിയത്. വ്യോമസേനയിലെ ചില സീനിയര്‍ ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.

പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വ്യോമസേനയുടെ ഭാഗത്തുനിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണുണ്ടായത്. അന്വേഷണവുമായി ബന്ധപ്പെട്ട് വ്യോമസേനാ ഡോക്ടര്‍ നടത്തിയ പരിശോധനകള്‍ ലൈംഗികാതിക്രമത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതാണ്. വ്യോമസേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പോലിസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.

വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വ്യോമസേനാ ഡോക്ടറുടെ പരിശോധന നിരാശാജനകമാണെന്നാണ് കമ്മീഷന്‍ നിരീക്ഷിച്ചത്. നടപടിയെ ശക്തമായി അപലപിച്ച കമ്മീഷന്‍, ഇരയുടെ സ്വകാര്യതയ്ക്കും അന്തസിനുമുള്ള അവകാശം ഇല്ലാതാക്കുകയും ഇതുവഴി സുപ്രിംകോടതിയുടെ തീരുമാനം ലംഘിക്കുകയും ചെയ്തുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പോലിസ് അന്വേഷണവുമായി സഹകരിക്കുന്നു, കൂടാതെ ആഭ്യന്തര അന്വേഷണവും നടത്തുന്നു, കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ല- ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞദിവസം പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News