ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവം; എഐഎഡിഎംകെ നേതാവ് അറസ്റ്റില്‍
ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യത്തിനായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് പൊട്ടിവീണാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശുഭശ്രീ രവി(23) മരണപ്പെട്ടത്
ചെന്നൈ: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ട സംഭവത്തില്‍ എഐഡിഎംകെ നേതാവ് ജയഗോപാലിനെ പോലിസ് അറസ്റ്റ് ചെയ്തു. ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യത്തിനായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് പൊട്ടിവീണാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശുഭശ്രീ രവി(23) മരണപ്പെട്ടത്. സംഭവം നടന്ന സപ്തംബര്‍ 12നു ശേഷം ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയില്‍ നിന്നാണ് തമിഴ്‌നാട് പോലിസ് പിടികൂടിയത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെയും പോലിസിനെയും രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് നടപടി. സംഭവം തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു.
ജയഗോപാലിനെതിരേ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തതിനെതിരേ ശുഭശ്രീയുടെ പിതാവ് രവി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഗതി ഇനി മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിക്കും നിയമപോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ സൂപര്‍ താരങ്ങള്‍ ഉള്‍പ്പെടെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കില്ലെന്ന് അറിയിച്ചിരുന്നു. പൊതുയോഗങ്ങളില്‍ പോലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കരുതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഐഎല്‍ടിസ് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് വച്ചാണ് ശുഭശ്രീയുടെ സ്‌കൂട്ടറിനു മുകളിലേക്ക് ഫള്ക്‌സ് ബോര്‍ഡ് വീണത്. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്കു ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
