തമിഴ്‌നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം

Update: 2023-09-28 15:06 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപോരൂരില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ പ്രതിമയില്‍ അജ്ഞാതര്‍ കാവി ഷാളണിയിച്ചു. ഇരുമ്പ് കൂടുകൊണ്ട് സംരക്ഷിച്ചിരുന്ന പ്രതിമയിലാണ് കാവി ഷാളണിയിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിനു തൊട്ടുപിന്നാലെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധവുമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുകയും തമിഴ്‌നാട് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോലിസ് സ്ഥലത്തെത്തി നടപടി ഉറപ്പ് നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മുന്‍കാല നേതാക്കളെ ഉള്‍പ്പെടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നിരന്തരം അധിക്ഷേപിച്ചതോടെയാണ് എഐഎഡിഎംകെ സഖ്യം വിട്ടത്.

Tags: