കാലടി മണപ്പുറത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഎച്ച്പി; വീഡിയോ സന്ദേശം പുറത്ത്

ആരെങ്കിലും കുറേപേർ ഭീകരവാദികൾ എന്ന് ചിത്രീകരിച്ചതുകൊണ്ട് മാത്രം ഞങ്ങളുടെ നിലപാട് മാറ്റാൻ തയാറല്ലെന്നും ഹിന്ദു ഹെൽപ് ലൈൻ തലവൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.

Update: 2020-05-25 11:13 GMT

കോഴിക്കോട്: കാലടി മണപ്പുറത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഎച്ച്പി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ സഹസംഘടനയായ ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോർഡിനേറ്ററാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എഎച്ച്പിയുടെ യുവജന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് വീഡിയോയിൽ പറയുന്നു.

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കാലടി മണപ്പുറം ഏറെ പാവനമാണ്. ആ മണപ്പുറത്ത് 72 വർഷങ്ങളായി ശിവരാത്രി ആഘോഷം നടക്കുന്നുണ്ട്. മഹാദേവന്റെ മുഖം മറച്ചാണ് ആ സെറ്റ് നിർമിച്ചത്. വ്യക്തവും കൃത്യവുമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെറ്റ് തകർത്തത്. ആരെങ്കിലും കുറേപേർ ഭീകരവാദികൾ എന്ന് ചിത്രീകരിച്ചതുകൊണ്ട് മാത്രം ഞങ്ങളുടെ നിലപാട് മാറ്റാൻ തയാറല്ലെന്നും ഹിന്ദു ഹെൽപ് ലൈൻ തലവൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.

ഇതുപോലെ ആമേൻ സിനിമയിൽ ഒരു ക്രിസ്ത്യൻ പള്ളി സെറ്റ് ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ നിർമിച്ചിരുന്നു. ആ സെറ്റ് ഇപ്പോൾ പള്ളിയായി മാറിയത് നമുക്കെല്ലാവർക്കും അറിയാം. ആദി ശങ്കരാചാര്യരുടെ ജന്മഭൂമി അങ്ങിനെ ആക്കുവാൻ ഞങ്ങളൊരിക്കലും അനുവദിക്കില്ല. ലോകത്തെ ഹിന്ദുത്വ ബോധമുള്ള മുഴുവൻ ജനങ്ങളും തങ്ങൾക്കൊപ്പമാണെന്നും വീഡിയോ സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്.

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് തകർത്തത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു.

സംഭവത്തിൽ പെരുമ്പാവൂർ പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലിസ് ഭാഷ്യം. ആക്രമണം നടത്തിയതിന് പിന്നാലെ ആക്രമികൾ പരസ്യമായി രം​ഗത്ത് വന്നിട്ടും പോലിസ് നടപടി വൈകുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

Similar News