അഗ്‌നി പഥ്: വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Update: 2022-06-16 14:57 GMT

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുവാക്കള്‍ക്ക് തൊഴില്‍ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തൊഴില്‍ അവസരങ്ങള്‍ കൂടുകയാണ് ചെയ്യുകയെന്നും നിലവിലെ നിയമനങ്ങളെക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും കേന്ദ്രം പറയുന്നു. ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആവില്ല. നാല് വര്‍ഷത്തിന് ശേഷം അവര്‍ ആഗ്രഹിക്കുന്ന മേഖലയിലേക്ക് മാറാന്‍ അവസരം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.

സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടന്ന ശേഷവും കേന്ദ്രം സ്വീകരിക്കുന്നത്. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അഗ്‌നിപഥ് വിരുദ്ധര്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഇവര്‍ക്കെതിരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

Tags: