അഗ്‌നിപഥ് പ്രതിഷേധം 11 സംസ്ഥാനങ്ങളിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് സത്യഗ്രഹം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, അസം എന്നിവയുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇതില്‍ യുപിയിലും ബിഹാറിലും പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായ അവസ്ഥയിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്നത് എന്നതും സര്‍ക്കാരിന് വെല്ലുവിളിയായി.
പ്രതിഷേധത്തിനിടയിലും അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ് കൂടുതല്‍ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങളെത്തിയത്. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. ജന്തര്‍മന്തറില്‍ രാവിലെ 11ന് സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരുമായടക്കം വിശദമായ കൂടിയാലോചന നടത്തിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
കേരളത്തില്‍നിന്നുള്ള എംപിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കടുത്തതോടെ ബിഹാറിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. അഗ്‌നിപഥ് പ്രതിഷേധത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അഗ്‌നിപഥ് പദ്ധതിക്കെതിരേ ഇന്നലെയും രാജ്യവ്യാപക പ്രതിഷേധമാണുണ്ടായത്.
പഞ്ചാബിലെ ലുധിയാനയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഹരിയാനയിലെ മഹേന്ദര്‍ഗഡില്‍ വാഹനം കത്തിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഇതുവരെ 620 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ 260 ഉം, തെലങ്കാനയില്‍ നൂറും പ്രതിഷേധക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക പരിശീലനകേന്ദ്രങ്ങള്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അക്രമം വ്യാപകമായതോടെ രാജ്യത്താകെ 369 ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ 60 ഉം ബിഹാറിലാണ്. ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ 12 ജില്ലകളിലെ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. പോലിസ് വെടിവയ്പ്പില്‍ മരിച്ച രാകേഷിന്റെ വിലാപയാത്രയ്ക്കിടെ ബിഎസ്എന്‍എല്‍ ഓഫിസിന് നേരേ ആക്രമണശ്രമം നടന്നു. ചെന്നൈയിലും കര്‍ണാടകയിലെ ധാര്‍വാഡിലും പ്രതിഷേധമുണ്ടായി. അഗ്‌നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യയില്‍ പ്രക്ഷോഭം ശക്തമാണ്. ഇവിടെയാണ് വ്യാപകമായി അക്രമസംഭവങ്ങള്‍ നടന്നതും.
ദക്ഷിണേന്ത്യയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സമാധാനപരമാണ്. ദക്ഷിണേന്ത്യയില്‍ സെക്കന്തരാബാദില്‍ രണ്ടാം ദിവസം പ്രതിഷേധം ട്രെയിന്‍ കത്തിക്കല്‍ അടക്കം അക്രമങ്ങളിലേക്ക് വഴി തിരിഞ്ഞെങ്കിലും പോലിസ് ഇടപെട്ടതോടെ സ്ഥിതി ശാന്തമാണ്.
ആറുമാസത്തെ പരിശീലനത്തിനും മൂന്നര വര്‍ഷത്തെ ജോലിയ്ക്കും ശേഷം പുറത്തിറങ്ങുന്ന അഗ്‌നിവീര്‍മാരുടെ തൊഴില്‍ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതിന് മറുപടിയായിട്ടാണ് കേന്ദ്ര- സംസ്ഥാന പോലിസ് മുതല്‍ അസം റൈഫിള്‍സില്‍ വരെ തൊഴില്‍ സംവരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്‌നിവീറുകള്‍ക്ക് ലഭിക്കുന്ന 12 ലക്ഷത്തിനടുത്ത തുക ആകര്‍ഷകമല്ലെന്നും സ്ഥിരം ജോലിയാണ് വേണ്ടതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

