പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി ദേശീയ സ്‌കൂള്‍ കായികമേളക്കുള്ള ക്യാംപില്‍ നിന്ന് ഒഴിവാക്കി, സ്‌കൂളുകളെ മൂന്ന് വര്‍ഷത്തേക്ക് വിലക്കും

Update: 2025-11-27 07:27 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിംപിക്സില്‍ കൂടുതല്‍ പേര്‍ പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെ കൂടി ദേശീയ മീറ്റിനുളള ക്യാംപില്‍ നിന്ന് ഒഴിവാക്കി. ഇതുവരെ അഞ്ച് പേര്‍ വ്യാജരേഖയില്‍ മത്സരിച്ചെന്നാണ് കണ്ടെത്തിയത്. പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകളെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നതടക്കം നടപടിയിലേക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുമെന്നാണ് വിവരം.

വ്യാജ ആധാര്‍ രേഖയുണ്ടാക്കി, പ്രായത്തട്ടിപ്പ് നടത്തി സ്‌കൂള്‍ ഒളിംപിക്സില്‍ മത്സരിച്ചവരുടെ എണ്ണം ചെറുതല്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. മെഡല്‍ നേടിയ 21കാരി വ്യാജ ആധാര്‍ രേഖയുണ്ടാക്കിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പ്രവേശനം നേടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അവിടെ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിലാണ് പ്രായത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

സബ് ജൂനിയര്‍ വിഭാഗത്തില്‍ ട്രാക്ക്, ത്രോ ഇനങ്ങളില്‍ മെഡല്‍ നേടിയ രണ്ട് താരങ്ങളുടെ പ്രായം കൃത്യമല്ലെന്നാണ് ഒടുവിലെ കണ്ടെത്തല്‍. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ നീരജ്, അഭയ് പ്രതാപ് എന്നിവരെ ദേശീയ മീറ്റിനുളള കേരള ക്യാമ്പില്‍ നിന്ന് ഒഴിവാക്കി. ഇതേ സ്‌കൂളിലെ സീനിയര്‍ വിഭാഗത്തിലെ പ്രേം ഓജയും പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

സ്‌കൂള്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയ അഞ്ച് പേരാണ് പ്രായം തെറ്റായി കാണിച്ച് മത്സരിച്ചെന്ന് തെളിഞ്ഞതിലൂടെ ക്യാംപില്‍ നിന്ന് പുറത്തായത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പരിശോധന പൂര്‍ത്തിയായാല്‍ എണ്ണം കൂടിയേക്കും. സ്‌കൂളുകളുടെ പോയിന്റ് വെട്ടിക്കുറയ്ക്കും. സമ്മാനത്തുക തിരിച്ചു വാങ്ങും. തട്ടിപ്പ് നടത്തിയ സ്‌കൂളുകളെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.