എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരേ പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍
ഹരിത കമ്മിറ്റിയെ മരവിപ്പിച്ചും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനോട് വിശദീകരണം ചോദിച്ചുകൊണ്ടുമുള്ള നടപടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്.
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരേ ജില്ലാ കമ്മിറ്റികൾ. നവാസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികൾ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തൃശൂര്‍, ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളാണ് കത്തയച്ചത്.
ഹരിത കമ്മിറ്റിയെ മരവിപ്പിച്ചും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനോട് വിശദീകരണം ചോദിച്ചുകൊണ്ടുമുള്ള നടപടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കം ഇതിനെതിരേ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു.
ഹരിത നേതാക്കൾക്കെതിരേ മോശം പരാമർശം നടത്തിയ പി കെ നവാസിനെതിരേ നടപടിയെടുക്കണമെന്നാണ് ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കരുത്, പരാതിയെ ന്യായീകരിക്കരുത്. നടപടി വേണമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.