കാബൂള്‍ വിമാനത്താവളത്തിന് സമീപം യുഎസ് വ്യോമാക്രമണം; ഒരു കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂളില്‍ നടന്നിരുന്നു. പിന്നാലെയാണ് യുഎസ് വ്യോമാക്രമണം.

Update: 2021-08-29 17:15 GMT

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യു.എസ് വ്യോമാക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ ഒരു ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് അമേരിക്കൻ വൃത്തങ്ങളിൽ നിന്നുള്ള പ്രചാരണം. ഒരു കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂളില്‍ നടന്നിരുന്നു. പിന്നാലെയാണ് യുഎസ് വ്യോമാക്രമണം. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.

വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു യുഎസ് വ്യോമാക്രമണം. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.