പ്രതിഷേധത്തിനൊടുവില്‍ പൊള്ളാച്ചി പീഡനക്കേസ് സിബിഐയ്ക്കു കൈമാറി

കേസില്‍ അറസ്റ്റിലായ തിരുനാവക്കരശ്, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്ക് അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍, മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കളുമായി അടുത്ത ബന്ധമുണ്ടെന്നും പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നുമാണ് ഡിഎംകെയുടെ ആരോപണം

Update: 2019-03-15 01:07 GMT

ചെന്നൈ: പൊള്ളാച്ചിയില്‍ 50ലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം പ്രതിഷേധത്തിനൊടുവില്‍ സിബിഐയ്ക്കു കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത സംഭവമാണ് കുറച്ചു ദിവസങ്ങൡലായി തമിഴകത്ത് ചൂടേറിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തിയത്. കേസില്‍ അറസ്റ്റിലായ തിരുനാവക്കരശ്, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്ക് അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍, മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കളുമായി അടുത്ത ബന്ധമുണ്ടെന്നും പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നുമാണ് ഡിഎംകെയുടെ ആരോപണം. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയും മറ്റും പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുകയും സൗഹൃദവും പ്രണയം നടിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. പീഡനത്തിന് ഇരയായ അമ്പതിലധികം പെണ്‍കുട്ടികളില്‍ പരാതി നല്‍കാന്‍ തയ്യാറായ പൊള്ളാച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ അണ്ണാ ഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം വിട്ടയച്ചതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോ ഉപമുഖ്യമന്ത്രി പനീര്‍സെല്‍വമോ പ്രതികരിച്ചിരുന്നില്ല. നാലുപേരെയാണ് അറസ്റ്റ് ചെയ്തതെങ്കിലും തമിഴ്‌നാടും കര്‍ണാടകയും കേന്ദ്രീകരിച്ച് 15 പേര്‍ സംഘത്തിലുണ്ടെന്നാണ് പോലിസ് നിഗമനം. പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് കനിമൊഴി ഉള്‍പ്പെടെയുള്ള 300ഓളം ഡിഎംകെ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ െ്രെകംബ്രാഞ്ച് സിഐഡിക്ക് കൈമാറിയെങ്കിലും പ്രതിഷേധം വ്യാപകമായതോടെയാണ് സിബിഐയ്ക്കു വിട്ടത്. പൊള്ളാച്ചി സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം ചെറുക്കുകയും ബഹളം വയ്ക്കുകയും ചെയ്തതാണ് വന്‍ പീഡനക്കേസിന്റെ ചുരുളഴിയാന്‍ കാരണമായത്. മുഖ്യപ്രതി തിരുനാവക്കരശ് ഏഴ് വര്‍ഷത്തോളമായി തുടരുന്ന പീഡനപരമ്പരയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപികമാര്‍, യുവ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ഇരകളായിട്ടുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. ഗുണ്ടാനിയമം ചുമത്തപ്പെട്ട പ്രതികള്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.




Tags:    

Similar News