ഭഗവദ് ഗീത സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കര്‍ണാടകയും

Update: 2022-03-19 11:08 GMT

ബംഗളൂരു: ഗുജറാത്ത് മോഡലില്‍ കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഹിജാബ് വിവാദം കത്തിനില്‍ക്കവെയാണ് പാഠ്യപദ്ധതിയിലും കാവിപൂശാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാരുകള്‍ രംഗത്തുവരുന്നത്. ഗുജറാത്തിന്റെ പാത പിന്തുടര്‍ന്ന് ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തും. ഗുജറാത്തില്‍ മൂന്നുഘട്ടങ്ങളിലായാണ് മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്നും ആദ്യഘട്ടത്തില്‍ ഭഗവദ് ഗീത.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് സിലബസ് തയ്യാറാക്കും. ആഴ്ചയില്‍ എത്ര സമയം വിഷയം പഠിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. എന്തുകൊണ്ട് ഭഗവദ് ഗീത കുട്ടികള്‍ക്ക് പഠിപ്പിക്കുന്നില്ല എന്നതാണ് ചോദ്യം. ഭഗവദ് ഗീത, രാമായണം എന്നിവ സിലബസിലുള്‍പ്പെടുത്തണോ എന്ന് വിദ്യാഭ്യാസ വിദഗ്ധരാണ് പറയേണ്ടത്. ഖുര്‍ആനില്‍നിന്നും ബൈബിളില്‍നിന്നുമുള്ള ധാര്‍മിക കഥകളും ഉള്‍പ്പെടുത്താന്‍ അവര്‍ നിര്‍ദേശിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നിലവിലെ സിലബസ് തയ്യാറാക്കിയത് വിഭവശേഷിയുള്ള വ്യക്തികളാണെന്നും ഇപ്പോള്‍ ഒന്നും ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

സിലബസില്‍ രാമായണം, ഭഗവദ്ഗീത, മറ്റ് പുണ്യഗ്രന്ഥങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പാഠങ്ങളുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഒന്നിനെയും മഹത്വവല്‍ക്കരിക്കേണ്ടതില്ല. 'ഞാന്‍ തുടക്കത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍ഇപി) എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ സിലബസ് എല്ലാം ഉള്‍ക്കൊള്ളുന്നു. അതില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല.

ബിജെപിക്ക് ഈ വിഷയത്തില്‍ ക്രെഡിറ്റ് എടുക്കാന്‍ ഒന്നും ബാക്കിയില്ല. നമ്മുടെ അന്തരിച്ച മുഖ്യമന്ത്രി കെംഗല്‍ ഹനുമന്തയ്യ ഭഗവദ് ഗീതയുടെ പകര്‍പ്പുകള്‍ നേരത്തെ രണ്ടുരൂപയ്ക്ക് വിതരണം ചെയ്തിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവദ് ഗീത പഠനമുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി ജിത്തു വഘാനിയ അറിയിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയമടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.

പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാര്‍ഥിയെയും മനസ്സിലാക്കേണ്ടതുണ്ട്. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വിശദമായ വ്യാഖ്യാനങ്ങള്‍ക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്. ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങളെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്.

Tags: