കുട്ടികളേയുമെടുത്ത് ആറു‍ദിവസം 277 കിലോമീറ്റർ നടന്നു; ഇനിയും 600 കിലോമീറ്റർ നടക്കണം വീടെത്താൻ

രണ്ട് സ്ത്രീകളും രണ്ട് കൈകുഞ്ഞുങ്ങളും അടങ്ങിയ ഈ സംഘം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് രാജസ്ഥാന്‍ അതിര്‍ത്തിയായ സാദുല്‍ ഷഹറിലെത്തിയത്

Update: 2020-03-30 04:10 GMT

ജയ്പുര്‍: ലോക്ഡൗൺ പ്രഖ്യാപിച്ച് ആറു ദിവസം പിന്നിടുമ്പോഴും ദിവസക്കൂലിക്കാരായ കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുകയാണ്. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് രാജസ്ഥാനിലെ സാദുല്‍ ഷഹറിലേക്ക് 277 കിലോമീറ്റര്‍ കാല്‍നടയായി ആറ് ദിവസം കൊണ്ട് എത്തിയതാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം. ഇനിയും 600 കിലോമീറ്റര്‍ ദൂരം നടക്കണം തങ്ങളുടെ ഗ്രാമമായ ഗംഗപുറിലെത്താൻ.

രണ്ട് സ്ത്രീകളും രണ്ട് കൈകുഞ്ഞുങ്ങളും അടങ്ങിയ ഈ സംഘം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് രാജസ്ഥാന്‍ അതിര്‍ത്തിയായ സാദുല്‍ ഷഹറിലെത്തി ചേര്‍ന്നത്. നടന്ന് തളര്‍ന്ന് എത്തിയ സംഘം ഇവിടെ എത്തിയപ്പോള്‍ അതിര്‍ത്തി അടച്ചിരുന്നു. തുടര്‍ന്നിവര്‍ വനമേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

മാര്‍ച്ച് 20-നാണ് ഞങ്ങള്‍ അമൃത്സറിലേക്കെത്തിയത്. വേനല്‍കാലം മുഴുവന്‍ അവിടെ ജോലിചെയ്യേണ്ടതായിരുന്നു. എന്നാല്‍ പെട്ടെന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും ഞങ്ങളവിടെ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 24ന് ഞങ്ങള്‍ അമൃത്സറില്‍ നിന്ന് ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു. പലയിടങ്ങളിലായി വിശ്രമിച്ചു. റോഡരികില്‍ കിടന്നുറങ്ങി. പലയിടത്ത് നിന്നും സൗജന്യമായി ഭക്ഷണം ലഭിച്ചു. കൈയില്‍ ആകെയുണ്ടായിരുന്ന പണവും കഴിഞ്ഞതോടെയാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. സാദുല്‍ ഷഹറിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് ഭക്ഷണവും വിശ്രമിക്കാനിടവും തന്നെന്നും സംഘത്തിലൊരാള്‍ പറഞ്ഞു.

അതിര്‍ത്തികള്‍ അടച്ചകാര്യം ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഇനി ഞങ്ങള്‍ വനത്തിലൂടെയാണ് പോകുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുകയാണെങ്കില്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ക്ക് അഗ്നിപരീക്ഷയാണ്' സംഘത്തിലെ ഒരു തൊഴിലാളി പറഞ്ഞു.

രാജസ്ഥാനിലെ ഗംഗനഗർ ജില്ലയുടെ അതിർത്തി പട്ടണമാണ് സാദുൽ ഷഹർ, ഇത് പഞ്ചാബിന്റെ അബോഹറിനടുത്താണ്. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിഗ്രാമമായ സാദുല്‍ ഷഹറില്‍ നിന്ന് 600ലധപകം കിലോമീറ്ററാണ് ഇവരുടെ ഗ്രാമമായ ഗംഗാപുറിലെത്താന്‍ വേണ്ടത്. ഇതിനോടകം 227 കിലോമീറ്റര്‍ നടന്ന ഇവര്‍ ആകെ തളര്‍ന്ന് അവശരായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സംഘങ്ങളെ പല സംസ്ഥാന അതിര്‍ത്തികളിലും റോഡുകളിലും കാണാം. എന്നാൽ ഉദ്യോ​ഗസ്ഥർക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരണം.

Tags:    

Similar News