യുഎസ് സേന ആഗസ്ത് 31 വരെ അഫ്ഗാനില്‍ തുടരണമെന്ന് ബ്രിട്ടന്‍

Update: 2021-08-23 05:21 GMT

ലണ്ടന്‍: യുഎസ് സേന അഫ്ഗാനില്‍ നിന്ന് ഉടന്‍ പിന്‍മാറരുതെന്ന അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിദേശികളെ ഒഴിപ്പിക്കുന്ന നടപടി തുടരുന്ന സാഹചര്യത്തില്‍ യുഎസ് സേന ആഗസ്ത് 31 വരെ അഫ്ഗാനില്‍ തുടരണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ജോ ബയ്ഡനോട് അഭ്യര്‍ഥിച്ചു. ജി-7 രാജ്യങ്ങളുടെ നാളെ ചേരുന്ന അടിയന്തര യോഗത്തിലും ബോറിസ് ജോണ്‍സണ്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആയിരങ്ങളാണ് കബൂള്‍ എയര്‍പോര്‍ട്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ മാസം അവസാനത്തിന് മുന്‍പ് അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുമെന്ന സൂചനയാണ് യുഎസ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സന്റെ അഭ്യര്‍ത്ഥന.

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഏറ്റവും ദൃഷ്‌കരമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. രക്ഷാദൗത്യത്തിന്റെ അന്തിമഫലമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പൗരന്‍മാരെയും അഫ്ഗാനില്‍ അമേരിക്കയെ സഹായിച്ച സ്വദേശികളെയും അഫ്ഗാന്‍ സഖ്യകക്ഷികളെയും കാബൂളില്‍നിന്ന് രക്ഷപ്പെടുത്തുമെന്ന് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനുശേഷമുള്ള സാഹചര്യം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് പൗരന്‍മാര്‍ക്ക് കാബൂള്‍ വിമാനത്താവളത്തിലെത്തുന്നതില്‍ തടസ്സങ്ങളുണ്ടാവരുതെന്ന കാര്യത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ യുഎസ് സേനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് താലിബാന്‍ അധികൃതരും വ്യക്തമാക്കി. കാബൂള്‍ എയര്‍പോര്‍ട്ടിന് അകത്തെ നിയന്ത്രണം യുഎസ് സേനക്കും ചെക്ക് പോസ്റ്റിലെ നിയന്ത്രണം താലിബാനുമാണ്.