ആഗോള റാങ്കിങില്‍ അഫ്ഗാന്‍ കറന്‍സി ഒന്നാമത്

Update: 2023-10-02 11:27 GMT

വാഷിങ്ടണ്‍: താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനി കഴിഞ്ഞ പാദത്തില്‍ ആഗോള കറന്‍സി റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതായി ബ്ലൂംബെര്‍ഗ്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ന്യൂ ലൈന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജി ആന്റ് പോളിസിയിലെ മിഡില്‍ ഈസ്‌റ്റേണ്‍, സെന്‍ട്രല്‍, സൗത്ത് ഏഷ്യന്‍ കാര്യങ്ങളില്‍ വിദഗ്ധനായ കംറാന്‍ ബുഖാരിയെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള മറ്റു പല കറന്‍സികളെയും പിന്തള്ളിയാണ് അഫ്ഗാനിയുടെ നേട്ടം. രാജ്യത്തെ കടുത്ത സാമ്പത്തികവും മാനുഷികവുമായ സാഹചര്യങ്ങള്‍ക്കിടയിലും അഫ്ഗാനി ഈ പാദത്തില്‍ ഏകദേശം 9 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയതായും ഈ വര്‍ഷം ഏകദേശം 14 ശതമാനം വര്‍ധനവ് തുടരുമെന്നും ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാന്റെ ഭരണം തിരിച്ചുപിടിച്ച താലിബാന്‍, കറന്‍സി മൂല്യത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ കര്‍ശനമായ നടപടികള്‍ നടപ്പാക്കി. പ്രാദേശിക ഇടപാടുകളില്‍ യുഎസ് ഡോളര്‍, പാകിസ്താന്‍ രൂപ തുടങ്ങിയ വിദേശ കറന്‍സികളുടെ ഉപയോഗം നിരോധിച്ചു, വിദേശ കറന്‍സികളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി, ഓണ്‍ലൈന്‍ വ്യാപാരം കുറ്റകരമാക്കി തുടങ്ങിയ നടപടികളാണ് സ്വീകരിച്ചിരുന്നത്. ഇത് അഫ്ഗാനി കറന്‍സിയുടെ ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവിന് കാരണമാവുകയും മൂല്യം ഉയര്‍ത്തുകയും ചെയ്‌തെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍, അഫ്ഗാനിസ്ഥാനിലെ വിദേശനാണ്യ ഇടപാടുകള്‍ പ്രധാനമായും നടക്കുന്നത് രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലും കടകളിലും പ്രവര്‍ത്തിക്കുന്ന 'സര്‍റാഫ്' എന്നറിയപ്പെടുന്ന പണമിടപാടുകാരിലൂടെയാണ്. അതേസമയം, അഫ്ഗാനിലെ മാനുഷിക സ്ഥിതി മോശമായി തുടരുകയാണ്. ഈ വര്‍ഷം രാജ്യത്തിന് ഏകദേശം 3.2 ബില്യണ്‍ ഡോളര്‍ സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. എന്നാല്‍ ഇതുവരെ 1.1 ബില്യണ്‍ ഡോളര്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. എങ്കിലും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക കാഴ്ചപ്പാടില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: