കോടതി വിധിയെ കൊഞ്ഞനംകുത്തി കർസേവകരുടെ പഴയ വെളിപ്പെടുത്തൽ

കർസേവകർ ആയുധങ്ങളുമായി സമീപിച്ചപ്പോൾ സുരക്ഷാഭടൻമാർ സ്വയം ഒഴിഞ്ഞുതന്നുവെന്ന്‌ കർസേവകനായ വിജയ്‌ തിവാരി പറഞ്ഞു.

Update: 2020-10-02 09:26 GMT

ന്യൂഡൽഹി: ബാബരി കേസിൽ കോടതി വിധിയെ കൊഞ്ഞനംകുത്തി കർസേവകരുടെ പഴയ വെളിപ്പെടുത്തൽ. എൽ കെ അദ്വാനി അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ ബാബരി മസ്‌ജിദ്‌ തകർത്തതെന്ന കർസേവകരുടെ പഴയ വെളിപ്പെടുത്തലുകളാണ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.

ബാബരി മസ്‌‌ജിദ്‌ ധ്വംസനത്തിന്റെ 25-ാം വാർഷികത്തിൽ ദി വയർ എന്ന ഇം​ഗ്ലീഷ് വാർത്താപോർട്ടലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ പള്ളിപൊളിച്ചതെന്ന‌ തുറന്നുപറച്ചിൽ. സിബിഐ കുറ്റപത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കർസേവകനായ സന്തോഷ്‌ ദൂബെയടക്കമുള്ളവരാണ്‌ നേതാക്കളുടെ നിർദേശപ്രകാരം പള്ളി തകർത്തതെന്ന്‌ വ്യക്തമാക്കിയത്‌.

500 വർഷത്തെ "അടിമത്തത്തിന്റെ അടയാളം" മായ്‌ക്കണമെന്ന് എൽകെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, മറ്റ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) നേതാക്കൾ ഞങ്ങളോട് പറഞ്ഞത്. ബാബരി മസ്ജിദ് പൊളിച്ചുനീക്കണമെന്ന് അവർ ഞങ്ങളോട് പറഞ്ഞു, ഞങ്ങൾ അത് വിജയകരമായി ചെയ്തുവെന്നായിരുന്നു ദുബെയുടെ വെളിപ്പെടുത്തൽ.

1992 ഡിസംബർ മൂന്നിന്‌ യുപിയിലെ റവന്യൂ മന്ത്രിയും ബിജെപി നേതാവുമായ ബ്രംദത്ത്‌ ദ്വിവേദി ഫൈസാബാദിലെ ദൂബെയുടെ വസതിയിലെത്തി. അദ്വാനി തന്നെ കാണാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചു. അയോധ്യയിലെ ഹനുമാൻബാഗ്‌ ക്ഷേത്രത്തിൽ മുതിർന്ന ബിജെപി– വിഎച്ച്‌പി നേതാക്കളുടെ യോഗത്തിലായിരുന്നു അദ്വാനി. ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ആവശ്യപ്പെടും വിധമാണ്‌ അദ്വാനി സംസാരിച്ചത്‌. പള്ളിയാണ്‌ ക്ഷേത്ര നിർമാണത്തിന്‌ തടസ്സം. രാമനുവേണ്ടി ജീവത്യാഗത്തിന്‌ ഒരുക്കമുള്ള മുന്നൂറ്‌ യുവാക്കളെ തനിക്ക്‌ വേണം. ഡിസംബർ ആറിനുശേഷം പള്ളി അവിടെ കാണാൻ പാടില്ല. പള്ളി തകർക്കാനുള്ളതെല്ലാം നിങ്ങൾക്ക്‌ കിട്ടും. നമ്മുടെ സർക്കാരാണ്‌ ഭരിക്കുന്നതെന്ന് അദ്വാനി പറഞ്ഞതായി ദൂബെ വെളിപ്പെടുത്തി. ചുറ്റിക, കൂന്താലി, മൺവെട്ടി, മൂർച്ചയേറിയ ഇരുമ്പുദണ്ഡുകൾ, കയറുകൾ, ഡ്രില്ലിങ്‌ യന്ത്രങ്ങൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയവയെല്ലാം ലഭിച്ചു. ‌ പദ്ധതിപ്രകാരം അഞ്ചുമണിക്കൂർകൊണ്ടാണ് പള്ളി പൊളിച്ചതെന്ന് ദൂബെ പഞ്ഞു.

കർസേവകനായിരുന്ന പ്രവീൺ ശർമയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ പ്രായം 20 വയസ്സ്‌. ക്ഷേത്ര നിർമാണത്തിനുള്ള കർസേവയെന്നാണ്‌ നേതാക്കൾ ആദ്യം പറഞ്ഞത്‌. പിന്നീട്‌ ആയുധങ്ങളും മറ്റും നൽകി. അദ്വാനിയുടെയും ഉമാ ഭാരതിയുടെയുമൊക്കെ പ്രസംഗങ്ങൾ പ്രകോപനപരമായിരുന്നു. ആളുകൾ സുരക്ഷാവലയം ഭേദിച്ച്‌ പള്ളിക്ക്‌ നേരെ നീങ്ങി. അന്ന്‌ സംഭവിച്ച കാര്യങ്ങളിൽ ഇന്ന്‌ നിരാശയുണ്ടെന്ന് ശർമ പറഞ്ഞു.

കുറ്റപത്രത്തിൽ പേരുകാരനായ ലക്ഷ്‌മൺ സേനാ നേതാവ്‌ രാംജി ഗുപ്‌തയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ 40 വയസ്സ്‌. രാമ ജന്മഭൂമിയുടെ ചുമതല ഗുപ്‌തയ്‌ക്കായിരുന്നു. നേരത്തേ തന്നെ ആയുധങ്ങൾ ലഭിച്ചിരുന്നു. പദ്ധതിപ്രകാരം സുരക്ഷാവലയം ഭേദിച്ച്‌ ചെറുസംഘങ്ങളായി പള്ളിക്ക്‌ സമീപത്തേക്ക്‌ നീങ്ങി. കമ്പിവടികളും മറ്റും ഉപയോഗിച്ച്‌ കെട്ടിടം ദുർബലപ്പെടുത്തി. തുടർന്ന്‌, കയറുകെട്ടി വലിച്ചിടുകയായിരുന്നുവെന്ന് ഗുപ്‌ത പറഞ്ഞു.

കർസേവകർ ആയുധങ്ങളുമായി സമീപിച്ചപ്പോൾ സുരക്ഷാഭടൻമാർ സ്വയം ഒഴിഞ്ഞുതന്നുവെന്ന്‌ കർസേവകനായ വിജയ്‌ തിവാരി പറഞ്ഞു. പള്ളി പൊളിക്കുമ്പോൾ 18 വയസ്സുമാത്രമാണ്‌ വിജയ്‌ തിവാരിക്ക്‌ പ്രായം. നേതാക്കൾ തലേന്നുതന്നെ ആയുധങ്ങൾ എത്തിച്ചിരുന്നു. അഞ്ഞൂറ്‌ വർഷമായുള്ള അടിമത്വത്തിന്റെ അടയാളം മായ്ച്ചുകളയാനും രാമ ജന്മഭൂമിയുടെ നിർമാണത്തിനുള്ള വഴി വ്യക്തമാക്കാനും വിഎച്ച്പി, ബിജെപി നേതാക്കൾ ഞങ്ങളെ പ്രേരിപ്പിച്ചെന്നും തിവാരി പറഞ്ഞു.