ഇവിഎമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍: അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

542 നിയോജകമണ്ഡലങ്ങളില്‍ 347 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ട്. ഒരുവോട്ട് മുതല്‍ 1,01,323 വോട്ടുകളുടെ വ്യത്യാസമാണുള്ളത്.

Update: 2019-11-20 05:59 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ടോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടിന്റെ എണ്ണത്തിലുണ്ടായ ഗുരുതരമായ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രിംകോടതിയില്‍ ഹരജി നല്‍കി. 2019 മെയ് 31ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന ദ ക്വിന്റ് വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് എഡിആര്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തിമതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വോട്ടുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കൃത്യവും സത്യവുമായ ഒത്തുനോക്കല്‍ നടത്തകാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി ഉത്തരവ് നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇത്തരം പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹരജിക്കാരന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇവിഎം ക്രമക്കേട് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും സംശയവുമുണ്ടാക്കാന്‍ ഇടയാക്കും. റിട്ടേണിങ് ഓഫിസര്‍മാരില്‍നിന്ന് ലഭിക്കുന്ന വോട്ടിന്റെ വിവരങ്ങള്‍ ഇവിഎം ഡാറ്റയുമായി ഒത്തുനോക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും അന്യായവുമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും 'മൈ വോട്ടേഴ്‌സ് ടേണ്‍ ഔട്ട് ആപ്പ്' എന്ന ആപ്പിലും വോട്ടെടുപ്പിന്റെ ഡാറ്റ പലതവണ മാറ്റിയിരുന്നു.

വോട്ടിന്റെ എണ്ണത്തിലുണ്ടായ പൊരുത്തക്കേട് മറയ്ക്കുന്നതിനുവേണ്ടിയാണ് വെബ്‌സൈറ്റിലെയും ആപ്പിലെയും വിവരങ്ങളില്‍ ഒന്നിലധികം തവണ മാറ്റംവരുത്തിയത്. ഏകപക്ഷീയവും യാതൊരു വിശദീകരണവുമില്ലാതെയാണ് വോട്ടുവിവരങ്ങള്‍ മാറ്റിയത്. ഭൂരിപക്ഷം നിയോജകമണ്ഡലങ്ങളിലും അനേകം പൊരുത്തക്കേടുകളുണ്ടായിട്ടുണ്ടെന്നും ഇത് മറച്ചുവയ്ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഹരജിക്കാരന്‍ കുറ്റപ്പെടുത്തുന്നു. പോള്‍ ചെയ്ത വോട്ടുകളുടെയും വിവിധ നിയോജകമണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകളുടെയും എണ്ണം തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച് വിദഗ്ധരുടെ സംഘം പരിശോധന നടത്തിയിരുന്നതായി ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഡാറ്റയെയും 2019 മെയ് 28 നും ജൂണ്‍ 30 നുമായി 'മൈ വോട്ടേഴ്‌സ് ടേണ്‍ ഔട്ട് ആപ്പ്' അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിയത്. 542 നിയോജകമണ്ഡലങ്ങളില്‍ 347 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ട്. ഒരുവോട്ട് മുതല്‍ 1,01,323 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. മൊത്തം 7,39,104 വോട്ടുകളില്‍ വ്യത്യാസമുണ്ടായതായാണ് പരിശോധനയില്‍ വ്യക്തമായതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News