അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം: കേന്ദ്രത്തോട് ലക്ഷദ്വീപ് എംപി

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റതിനുപിന്നാലെ പ്രത്യേക രീതിയിലുള്ള നിയമനിര്‍മാണത്തിനുള്ള ശ്രമമാണ് നടത്തുന്നത്.

Update: 2021-05-24 14:23 GMT

കവരത്തി: പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരേ രൂക്ഷ പ്രതികരണവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ജനദ്രോഹ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ദ്വീപില്‍നിന്നുള്ള ഏക പാര്‍ലമെന്റ് അംഗമായ ഫൈസല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റതിനുപിന്നാലെ പ്രത്യേക രീതിയിലുള്ള നിയമനിര്‍മാണത്തിനുള്ള ശ്രമമാണ് നടത്തുന്നത്.കൊവിഡിനെ ചെറുക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ഒരുക്കിയ ക്വാറന്റീന്‍ സംവിധാനത്തില്‍ ഇളവ് വരുത്തിയതായിരുന്നു ആദ്യ നടപടി. ഇതുമൂലം കഴിഞ്ഞ ജനുവരി മുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആദ്യ ഒരു വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത നിയന്ത്രണങ്ങളായിരുന്നു നടത്തിയിരുന്നതെങ്കില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായി.

ക്രൈം റേറ്റ് ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത ലക്ഷദ്വീപില്‍ ജനപ്രതിനിധിയോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. നാഷണല്‍ക്രൈം ബ്യൂറോ ഓഫ് റെക്കോര്‍ഡില്‍ തട്ടിക്കൊണ്ടു പോകലോ തീവ്രവാദ ആക്രമണമോ പൂജ്യമായിട്ടുള്ള സ്ഥലത്താണ് ഇത്തരത്തിലുള്ള നിയമ നിര്‍മാണം നടത്താന്‍ തീരുമാനച്ചത്.കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനാണ് ഈ നിയമം നടപ്പാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാം അടച്ചു പൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനമെടുത്ത് അമൂല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Tags: