'പഴക്കൂട' പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി

സ്ത്രീകളുടെയും കുട്ടികളുടെയും പോഷണം ലക്ഷ്യം

Update: 2020-10-04 10:32 GMT
തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പോഷണ നിലവാരം ഉയര്‍ത്താനായി സംസ്ഥാന വനിത-ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച 'പഴക്കൂട' പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് പഴക്കൂടയ്ക്കു തുടക്കം കുറിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍, റെസ്‌ക്യൂ ഹോമുകള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    സംസ്ഥാനത്ത് പോഷണ കുറവ് പരിഹരിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പോഷണ മാസാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പഴക്കൂട. ന്യൂട്ടി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിങ് എന്നീ പദ്ധതികള്‍ക്കായി കഴിഞ്ഞ ദിവസം 1.84 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴക്കൂടയ്ക്കും തുകയനുവദിച്ചത്. പഴക്കൂട പദ്ധതിയിലൂടെ ഹോമുകളില്‍ താമസിക്കുന്ന കുട്ടികളുടെ നിത്യേനയുള്ള ഭക്ഷണ ക്രമത്തില്‍ പോഷക സമ്പുഷ്ടമായ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തും. ഓരോ ദിവസവും തദ്ദേശീയമായി ലഭിക്കുന്ന പഴവര്‍ഗങ്ങളായിരിക്കും ഇത്തരത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ കൂട്ടികളുടെ പോഷണ നിലവാരം വളരെയധികം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മഹിളാ മന്ദിരങ്ങളിലെ താമസക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Administrative sanction of Rs. 23.42 lakh for 'Pazhakkooda' project




Similar News