ആദിവാസി പ്രദര്‍ശനം: ഇടതു സര്‍ക്കാരിന്റേത് വംശീയ സമീപനം-പി ആര്‍ സിയാദ്

Update: 2023-11-07 05:52 GMT

തിരുവനന്തപുരം: കേരളീയം ആഘോഷ പരിപാടികളോടനുബന്ധിച്ച് ആദിവാസി സമൂഹത്തെ പ്രദര്‍ശനത്തിന് വച്ച ഇടതു സര്‍ക്കാര്‍ നടപടി നവോത്ഥാനമല്ല വംശീയതയാണ് വെളിവാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. സമൂഹത്തില്‍ തുല്യസ്ഥാനവും സമനീതിയും ഉറപ്പാക്കേണ്ടവര്‍ അടിസ്ഥാന ജനവിഭാഗത്തെ പൊതുവേദിയില്‍ വേഷമിട്ട് കാഴ്ചവസ്തുവാക്കി മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എല്ലാ സാമൂഹിക വിഭാഗങ്ങളെയും അണിനിരത്തി സാംസ്‌കാരിക വൈജാത്യങ്ങള്‍ പ്രകടമാക്കുന്ന ദൃശ്യമായിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നു. ഇതര സമൂഹങ്ങളെ ഇങ്ങനെ പ്രദര്‍ശന വസ്തുവാക്കാന്‍ പുരോഗമനം അവകാശപ്പെടുന്നവര്‍ക്ക് കഴിയാത്തത് ഉള്ളിലെ വര്‍ണബോധമാണ്. ആദിവാസി സമൂഹങ്ങളുടെ ഭൂപ്രശ്‌നങ്ങളില്‍ നാളിതുവരെ പരിഹാരം കാണാതിരിക്കുകയും അവരുടെ ഭൂമി അപഹരിക്കാന്‍ കുത്തകകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയുമാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടിനോടടുത്ത വനാവകാശ നിയമം ഇപ്പോഴും കേരളത്തില്‍ കടലാസില്‍ ഒതുങ്ങുകയാണ്. ആദിവാസി വിഭാഗത്തിലെ മിടുക്കരായ ഗവേഷക വിദ്യാര്‍ഥികളുടെ ഫെലോഷിപ് തടഞ്ഞുവച്ചും അവരുടെ അടിസ്ഥാന വിഷയങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ അയ്യായിരത്തിലധികം വരുന്ന ഊരുകളില്‍ അവര്‍ നരകയാതന അനുഭവിക്കുകയാണ്. ഗോത്രവിഭാഗങ്ങളെ അണിയിച്ചൊരുക്കി നയനാനന്ദ കാഴ്ചയാക്കിയവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.

Tags: