പോക്കറ്റടി കേസില്‍ അറസ്റ്റിലായ നടി രൂപാ ദത്ത സവര്‍ക്കര്‍ ആരാധിക

Update: 2022-03-14 14:06 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടിച്ചതിന് അറസ്റ്റിലായ പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം രൂപാ ദത്ത ആര്‍എസ്എസ് സ്ഥാപക നേതാവ് സവര്‍ക്കറുടെ ആരാധിക. രൂപാ ദത്ത സവര്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങൡ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടി ബിജെപി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


നടിയെ പോക്കറ്റടി ആരോപണത്തെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട പോലിസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പോലിസ് പറഞ്ഞു.

Full View

ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നിയ പോലിസ് നടത്തിയ പരിശോധനയിലാണ് രൂപാ ദത്തയുടെ ബാഗില്‍നിന്ന് 75,000 രൂപ കണ്ടെടുത്തത്. ആദ്യം പണം തന്റേതാണെന്ന അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പോക്കറ്റടിച്ച പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍നിന്ന് കണ്ടെടുത്തെന്നും ഇതിനു മുന്‍പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തില്‍ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവര്‍ പങ്കുവച്ചിരുന്നെങ്കിലും അത് അനുരാഗ് എന്ന പേരിലുള്ള മറ്റൊരു വ്യക്തിയുമായി നടത്തിയ സംഭാഷണമാണെന്നും സംവിധായകന്‍ അനുരാഗ് കശ്യപിന്റെതല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Tags: