മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും

Update: 2023-12-01 03:07 GMT

തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശി അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനു വയ്ക്കും. മുടവന്‍ മുകളിലെ വീട്ടിലാണ് പൊതുദര്‍ശനം. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാര ചടങ്ങുകളില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമായ സുബ്ബലക്ഷ്മി(87) തിരുവനന്തപുരം ജി ജി ആശുപത്രിയില്‍ ഇന്നലെ രാത്രി 8.40 ഓടെയാണ് മരണപ്പെട്ടത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങളിലൂടെ പ്രിയങ്കരിയായ സുബ്ബലക്ഷ്മി കല്യാണ രാമന്‍, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോണ്‍, രാപ്പകല്‍ തുടങ്ങി 75ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ ഉള്‍പ്പെടെ മൂന്നു മക്കളുണ്ട്. നടന്‍ വിജയ്‌ക്കൊപ്പം തമിഴില്‍ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം.

Tags:    

Similar News