നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന

ക്രൈംബ്രാഞ്ചിന്റെ 20 ഓളം വരുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ പരിശോധന നടത്തുന്നത്.സഹോദരന്‍ അനൂപിന്റെ വീട്ടിലും,ഇവരുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.ഒരേ സമയമാണ് മൂന്നിടത്തും പരിശോധന

Update: 2022-01-13 07:18 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന.ദിലീപിന്റെ വീട്ടില്‍ കൂടാതെ സഹോദരന്‍ അനൂപിന്റെ വീട്ടിലും,ഇവരുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.ഒരേ സമയമാണ് മൂന്നിടത്തും പരിശോധന .ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തി ഓഫിസ് തുറന്നതിനു ശേഷമായിരുന്നു പരിശോധന.

ക്രൈംബ്രാഞ്ചിന്റെ 20 ഓളം വരുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ പരിശോധന നടത്തുന്നത്.അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയ സമയത്ത് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരിയെത്തിയാണ് വീട് തുറന്നു കൊടുത്തത്. പരിശോധന ആരംഭിച്ച തിനു ശേഷമാണ് ദിലീപ് അങ്ങോട്ടേയ്ക്ക് എത്തിയത്.പിന്നാലെ ദിലീപിന്റെ അഭിഭാഷകരും ദിലീപിന്റെ വീട്ടില്‍ എത്തി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി,പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ വെളിപ്പെടുത്തില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയും ഇതംഗീകരിച്ച കോടതി ഈ മാസം 20 നകം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ദിലീപിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതുള്‍പ്പെടെ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയെന്നാണ് വിവരം.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ദീലിപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് നാളെ കോടതി പരിഗണിക്കും.

Tags:    

Similar News