ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലുണ്ട്, ദുരുപയോഗം ചെയ്യപ്പെടും; ദിലീപിന്റെ പുതിയ ഹരജി

തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം. അതുകൊണ്ട് ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതി കസ്റ്റഡിയിൽ സൂക്ഷിക്കണം

Update: 2022-01-14 10:58 GMT

കൊച്ചി: വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ചവര്‍ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് കോടതിയിൽ വാങ്ങി സൂക്ഷിക്കണമെന്നുമാണ് പുതിയ ഹരജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുണ്ട്. ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ട്. ഒരു പക്ഷെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം. അതുകൊണ്ട് ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതി, കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ഹരജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് വിവരം.

അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലിസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. 

Similar News