നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് ക്രൈംബ്രാഞ്ച്

മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിനു ശേഷമാണ് മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു

Update: 2022-03-08 12:51 GMT

കൊച്ചി:കോടതി നിര്‍ദ്ദേശ പ്രകാരം നടന്‍ ദിലീപ് കൈമാറിയ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍.മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിനു ശേഷമാണ് മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.മുംബൈയിലെ ലാബില്‍ എത്തിച്ചാണ് നാലു മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത്.ലാബിലെ ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു.

ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കിലേക്ക് മാറ്റിയിരുന്നുവെന്ന് കണ്ടെത്തിയെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.ഫോണുകള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടതോടെ ദിലീപിന്റെ അഭിഭാഷകര്‍ ലാബിലെത്തി ഫോണുകള്‍ തിരികെ വാങ്ങിക്കൊണ്ടു പോകുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,സുഹൃത്ത് ബൈജു എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.കേസില്‍ ക്രൈംബ്രാഞ്ച് ദിലീപിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം ആരംഭിച്ചതോടെ ദിലീപ് മൂന്‍കൂര്‍ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കുന്നില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും സഹോദരി ഭര്‍ത്താവ് സുരാജിന്റെയും ഉള്‍പ്പെടെ ആറു മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഹാജരാക്കിയ ദിലീപിന്റെ ഫോണുകളിലെ വിവരങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.

Tags: