നടിയെ ആക്രമിച്ച കേസ്;ദിലീപിന് തിരിച്ചടി ;തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
കേസില്‍ തുടരന്വേഷണം നടത്താമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടത്താമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന്‍ തുടരന്വഷണം ആവശ്യപ്പെടുന്നതെന്നും ആരോപിച്ചായിരുന്നു ദിലീപ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ദിവസം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകാതെ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ഹരജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് ദിലീപ് ആവര്‍ത്തിച്ചു.
ഓഡിയോ റെക്കോര്‍ഡ് ചെയ്ത ഉപകരണങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈവശമില്ല. ഗൂഢാലോചന കേസില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും പ്രതി ചേര്‍ത്തത് വ്യക്തി വൈരാഗ്യം മൂലമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണമെന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.ദിലീപിന്റെ ഹരജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടിയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതിക്ക് തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ അവകാശമില്ലെന്നും ഹരജി തള്ളണമെന്നുമായിരുന്നു ആക്രമിക്കപ്പെട്ട നടി കോടതിയെ അറിയിച്ചത്.
.പ്രോസിക്യൂഷനും ദിലീപിന്റെ ഹരജിയെ ശക്തമായി എതിര്‍ക്കുകയും തുടരന്വേഷണത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണ പുരോഗതി റിപോര്‍ട്ടും കോടതിക്ക് കൈമാറിയിരുന്നു.തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാന്‍ മാറ്റുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി, നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹദോരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു, പേരറിയാത്ത ഒരു വി ഐ പി എന്നിങ്ങനെ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

