തമിഴ് ചലച്ചിത്ര താരം വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

ചരക്കു സേവനനികുതി (ജിഎസ്ടി), നോട്ടുനിരോധനം എന്നിവയെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ 2017 ഒക്ടോബറില്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന ചിത്രത്തിനെതിരേ തമിഴ്‌നാട്ടില്‍ ബിജെപി എതിര്‍ത്തിരുന്നു

Update: 2020-02-05 11:50 GMT

ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചതായും റിപോര്‍ട്ടുകളുണ്ട്. വിജയുടെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം ബിഗിലിന്റെ നിര്‍മാതാക്കളായ എവിഎസ് പ്രൊഡക്്ഷനുമായി ബന്ധപ്പെട്ട് 20ഓളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ ഷൂട്ടിങ് സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്.

    ആദായ നികുതി മധുരയിലെ എജിഎസ് സിനിമാസിന്റെയും ഫിലിം ഫിനാന്‍സിയര്‍ അമ്പു ചേലിയന്റെയും സ്വത്തുവിവരങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്. ചരക്കു സേവനനികുതി (ജിഎസ്ടി), നോട്ടുനിരോധനം എന്നിവയെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ 2017 ഒക്ടോബറില്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന ചിത്രത്തിനെതിരേ തമിഴ്‌നാട്ടില്‍ ബിജെപി എതിര്‍ത്തിരുന്നു. ജിഎസ്ടി പുറത്തിറക്കിയ ശേഷം ജിഎസ്ടിക്കു പുറമേ തദ്ദേശ സ്വയംഭരണ നികുതി ചുമത്തുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ആയിരത്തോളം സിനിമാ ഹാളുകള്‍ ദിവസങ്ങളോളം അടച്ചിരുന്നു.




Tags: