തമിഴ് നടന്‍ വിജയകാന്ത് അന്തരിച്ചു

Update: 2023-12-28 04:50 GMT

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കുറച്ചുകാലമായി ചികില്‍സയിലായിരുന്ന അദ്ദേഹം ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിഎംഡികെ നേതാവ് കൂടിയായ വിജയകാന്ത് കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. ഭാര്യ പ്രേമലതയാണ് ഡിഎംഡികെയെ നയിക്കുന്നത്. 1952 ആഗസ്ത് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലാണ് വിജയരാജ് അളകര്‍സ്വാമി എന്ന വിജയകാന്ത് ജനിച്ചത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റനെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം എംഎ കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. 1980 കളില്‍ ആക്ഷന്‍ ഹീറോയിലേക്ക് ഉയര്‍ന്നു. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകവേഷമിട്ടു. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്.

    തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച വിജയകാന്തിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. 1994ല്‍ എംജിആര്‍ പുരസ്‌കാരം, 2001ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസണ്‍ പുരസ്‌കാരം, 2009ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ല്‍ ഓണററി ഡോക്ടറേറ്റ് തുടങ്ങിയവ ലഭിച്ചു. 2005ലാണ് രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം. ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അടുത്തവര്‍ഷം തന്നെ തമിഴ് നാട് നിയമ സഭയിലേക്കുള്ള 234 സീറ്റുകളിലും മല്‍സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ അദ്ദേഹം വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവായിരുന്നു. 1990ലാണ് വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്തത്. മക്കള്‍: ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകരന്‍.

Tags:    

Similar News