പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; നടി സദഫ് ജാഫറിന് ജാമ്യം

കഴിഞ്ഞ മാസം ലക്‌നോവില്‍നിന്നു അറസ്റ്റിലായ അര്‍ബുദ രോഗിയും മുന്‍ ഐപിഎസ് ഓഫിസറുമായ എസ് ആര്‍ ദരാപുരിയ്ക്കും ജാമ്യം ലഭിച്ചു.

Update: 2020-01-04 14:11 GMT

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഫേസ്ബുക്ക് ലൈവിനിടെ കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ ലഖ്‌നോവില്‍ അറസ്റ്റിലായ നടിയും ആക്ടിവിസ്റ്റുമായ സദഫ് ജാഫറിന് ജാമ്യം. ലക്‌നോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം ലക്‌നോവില്‍നിന്നു അറസ്റ്റിലായ അര്‍ബുദ രോഗിയും മുന്‍ ഐപിഎസ് ഓഫിസറുമായ എസ് ആര്‍ ദരാപുരിയ്ക്കും ജാമ്യം ലഭിച്ചു. വര്‍ഗീയ ലഹളയ്ക്കു ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തത്. അതേസമയം, ഇവര്‍ക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ പോലിസിന് ആയില്ലെന്ന് ജാമ്യ ഹരജിയില്‍ പ്രാദേശിക കോടതി ജഡ്ജി വ്യക്തമാക്കി.

സദഫിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകന്‍ ഹര്‍ജോത് സിംഗ് പറഞ്ഞു. സദഫ് തീര്‍ത്തും നിരപരാധിയാണെന്ന് തങ്ങള്‍ ആദ്യം മുതല്‍ പറയുന്നു. ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പോലും തന്റെ കക്ഷിയെ ആരോപണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല. കലാപത്തിലോ നശീകരണ പ്രവര്‍ത്തനത്തിലോ തനിക്ക് പങ്കില്ലെന്ന് വീഡിയോകളില്‍ നിന്നും മറ്റും വ്യക്തമാണ്-സിംഗ് പറഞ്ഞു.

സദഫിന്റെ മുന്‍ ജാമ്യഹരജി ഡിസംബര്‍ 24ന് ലക്‌നോ കോടതി നിരസിച്ചിരുന്നു.




Tags:    

Similar News