അലിഗഢും ജാമിഅയും ദാറുല്‍ ഉലൂമും ബോംബിട്ട് തകര്‍ക്കണം: നരസിംഹാനന്ദ സരസ്വതി

കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് തീവ്രഹിന്ദുത്വ വാദിയായ നരസിംഗാനന്ദ് ആവശ്യപ്പെട്ടത്.

Update: 2021-07-09 17:54 GMT

ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി (എഎംയു) ബോംബിട്ട് തകര്‍ക്കണമെന്ന് മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ദസ്‌ന ദേവി ക്ഷേത്ര പുരോഹിതന്‍ നരസിംഗാനന്ദ് സരസ്വതി.

കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് തീവ്രഹിന്ദുത്വ വാദിയായ നരസിംഗാനന്ദ് ആവശ്യപ്പെട്ടത്.

അലിഗഢിനു പുറമെ ദാറുല്‍ ഉലൂം ദയൂബന്ദ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

'അലിഗഢ് ബോംബിട്ട് അവസാനിപ്പിക്കണം' വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കൂട്ടാളികളുടെ കൈയടികള്‍ക്കിടെ നരസിംഗാനന്ദ് ആക്രോശിച്ചു. അലിഗഢ് ഇപ്പോഴും ഉല്‍പ്പാദിപ്പിക്കുന്നത് ദേശവിരുദ്ധരേയും മനുഷ്യരാശിക്കെതിരായവരേയുമാണ്.

'സര്‍ക്കാരുകള്‍ ദുര്‍ബലമാണ്. അല്ലാത്തപക്ഷം, ഡല്‍ഹിയില്‍ (ദേശീയ തലസ്ഥാനം) അധികാരമേറ്റ ദിവസം ആദ്യം ചെയ്യേണ്ടത് ദാറുല്‍ ഉലൂം ദയൂബന്ദ്, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എന്നിവ അവസാനിപ്പിക്കുക എന്നതാണ്. ഇവ മൂന്നും ആദ്യ ദിവസം തന്നെ അവസാനിപ്പിക്കണം.അപ്പോള്‍ മാത്രമേ ഈ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ'- നരസിംഗാനന്ദ് തുടര്‍ന്നു.

അതേസമയം, കടുത്ത പരമത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇതുവരെയും അത്തരം വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ജില്ലയിലെ മീഡിയ സെല്ലിലെ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

അതേസമയം, ഈ ഹിന്ദുത്വ വാദിയുടെ നീചമായ പരാമര്‍ശങ്ങള്‍ക്കെതിരേ മുസ്‌ലിം ആക്റ്റീവിസ്റ്റുകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 

Tags: