പ്രവര്‍ത്തകന്റെ മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ

കാംപസിന് പുറത്തേക്ക് പോവുന്നതിനിടെ കത്തിയുമായി എത്തിയ സംഘം കണ്ണൂര്‍ സ്വദേശിയായ ധീരജിനെ വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

Update: 2022-01-10 10:03 GMT

പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ. കാംപസിന് പുറത്തേക്ക് പോവുന്നതിനിടെ കത്തിയുമായി എത്തിയ സംഘം കണ്ണൂര്‍ സ്വദേശിയായ ധീരജിനെ വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. കാംപസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു. കാംപസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പ് ആയതിനാല്‍ കാംപസില്‍ പോലിസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കാംപസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

കോളജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

Tags:    

Similar News